Thursday, November 21
BREAKING NEWS


കണ്ണൂരില്‍ കാറിന് തീ പിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം, പ്രജിത് കാറില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍. അത് തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

By sanjaynambiar

കണ്ണൂര്‍ : കണ്ണൂരില്‍ കാറിന് തീ പിടിച്ച് (Car Got Fire) ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തിന്റെ കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം.

കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍.

പെട്രോള്‍ ടാങ്കിലേക്ക് തീ എത്താതിരുന്നിട്ടും ഇത്ര വലിയ അപകടം എങ്ങനെ ഉണ്ടായി എന്ന് ഇന്നലെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണം എന്നാണ് ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോള്‍ കാര്‍ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയില്‍ വച്ചിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമിതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോക്കിങ്ങ് സിസ്റ്റവും പ്രവര്‍ത്തനരഹിതമായി.

ഇന്നലെയാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീ പിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച ദാരുണ സംഭവമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടേ നാലു പേര്‍ രക്ഷപ്പെട്ടു.

പ്രസവ തീയതി അടുത്തതിനാല്‍ അഡ്മിറ്റാവാനായി വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും തീ പടരുന്നത് കണ്ട് പാഞ്ഞെത്തി. എന്നാല്‍ കാറിന്റെ ഡോര്‍ ലോക്കായി വാഹനം തുറക്കാന്‍ സാധിച്ചില്ല.

കൈകള്‍ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോര്‍ ശ്രമപ്പെട്ട് തുറന്ന് നല്‍കിയത്.

അതിനാല്‍ പിന്‍സീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരി ശ്രീ പാര്‍വ്വതി, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, സഹോദരി സജ്‌ന എന്നിവരെ രക്ഷിക്കാനായി. ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!