Nipah നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്.
മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ കേന്ദ്രസംഘം നോക്കിക്കണ്ടു. മുഹമ്മദലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു.
Also Read : https://panchayathuvartha.com/rain-kerala-weather-yellow-alert/
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.
ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
അതിനിടെ, കോഴിക്കോട് ബിച്ചിൽ നിന്ന് പൊലീസ് ജനങ്ങളെ ഒഴിപ്പിച്ചു. പൊതു പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണം.
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക.
വവ്വാലുകളുടെയും പന്നികൾ ഉൾപ്പടെയുള്ള വന്യജീവികളുടെയും ജഡം ഒരു കാരണവശാലും സ്പർശിക്കരുത് എന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെ തുടരണം എന്ന് തീരുമാനിക്കാന്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും.
നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്ത സംഭവവുമുണ്ടായി. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് ഐ ടി ആക്ട് പ്രകാരം കേസെടുത്തത്. നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജ സൃഷ്ടിയാണെന്നായിരുന്നു ഇയാളുടെ പോസ്റ്റ്.
Also Read : https://panchayathuvartha.com/aditya-l1-4th-orbital-lift-also-successful/
ഇന്ന് ഒരാൾക്ക് കൂടി നിപബാധ സ്ഥിരീകരിച്ചതോടെ നാല് പേരാണ് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളത്. ചെറുവണ്ണൂര്‍-കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈറിസ്‌ക് കോണ്‍ടാക്റ്റിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും. പരമാവധി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.