Teachers Day രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേൽക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് ഇന്ന്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്.
അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്കൂളിൽ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്കൂളിൽ അധ്യാപകർക്കൊപ്പമായിരിക്കും.
അതിനാൽ തന്നെ അധ്യാപകർക്ക് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാൾക്കും തങ്ങൾക്കിഷ്ടപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും എന്ന് തീർച്ചയാണ്.
നമ്മളെ നേർവഴിക്ക് നയിക്കാൻ അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അധ്യാപകരെ ആദരിക്കാൻ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്ക്കേണ്ട ആവശ്യമില്ലെങ്കിലും നമ്മുടെ ജീവിതത്തിൽ അവർക്ക് വേണ്ടിയും അൽപം സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്.
അധ്യാപക ദിനത്തിന്റെ ചരിത്രം ഇന്ത്യയിൽ
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5ന് അധ്യാപക ദിനം അല്ലെങ്കിൽ ശിക്ഷക് ദിവസ് ആഘോഷിക്കുന്നു. 1888ൽ തമിഴ്നാട്ടിലെ തിരുട്ടണിയിൽ ജനിച്ച ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. വിശിഷ്ട പണ്ഡിതൻ, തത്ത്വചിന്തകൻ, ഭാരതരത്ന പുരസ്കാരം എന്നിവ നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
1962ൽ ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ചില വിദ്യാർത്ഥികൾ അദ്ദേഹത്തോട് അനുവാദം ചോദിച്ചു. ആ ദിനം അധ്യാപക ദിനമായി ആചരിക്കണമെന്ന് ഡോ.രാധാകൃഷ്ണൻ നിർദ്ദേശിച്ചു. അന്നുമുതൽ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു.