തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്.
തമിഴ്നാട് വൈദ്യുതി വകുപ്പിൽ എഞ്ചിനിയർ ആയ പിറവന്തൂർ സ്വദേശി ബാബുവിൻ്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. നാഗർകോവിൽ സ്വദേശി കാർത്തികുമായി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാർത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നൽകിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണിൽ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകൾക്ക് മുന്നിൽ കാർത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു.