കുമളി : ശമ്പളം ലഭിക്കാത്തതിന്റെപേരിൽ തേക്കടിയിലെ റിസോർട്ടിൽനിന്ന് മാനേജരുടെ നേതൃത്വത്തിൽ മോഷ്ടിച്ചുകടത്തിയത് 2.5 കോടി രൂപയുടെ വസ്തുക്കൾ. റിസോർട്ട് ഉടമകളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനേജരുൾപ്പെടെ മൂന്നുപേർ പിടിയിൽ. റിസോർട്ട് മാനേജർ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള(36), സെക്യൂരിറ്റികളായ നീതിരാജ് (36), പ്രഭാകരപിള്ള (61) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ സാജ് ജംഗിൾ വില്ലേജ് റിസോർട്ടിലാണ് മാസങ്ങളോളംനീണ്ട മോഷണപരമ്പര അരങ്ങേറിയത്. റിസോർട്ടിന്റെ കരാർകാലാവധി ജനുവരിയിൽ അവസാനിച്ചതോടെ സുരക്ഷാവിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങാൻ തുടങ്ങിയതോടെ റിസോർട്ടിലെ ടി.വി., എ.സി. തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ഇവർ വിൽക്കാൻ തുടങ്ങി.
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായതോടെ റിസോർട്ടിലെ മാനേജർ സ്ഥലത്തെത്തി. ഇയാൾക്കും ശമ്പളം മുടങ്ങിയതോടെ ഇവർ സംഘമായി ചേർന്ന് 52 മുറിയിലായി ഉണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾ, ഫർണിച്ചർ, വാതിലുകൾ, ജനലുകൾ തുടങ്ങിയവ വ്യാപകമായി കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു. ആറുമാസത്തോളം മോഷണം തുടർന്നു. കഴിഞ്ഞദിവസം അണക്കര സ്വദേശികൾ റിസോർട്ട് ലീസിനെടുക്കാൻ നോക്കാനെത്തിയപ്പോഴാണ് റിസോർട്ടിലെ ജനലുകൾ ഇളക്കിമാറ്റിയതിലും മുറികളിലെ കട്ടിലും ബെഡും കാണാതായതിലും സംശയം തോന്നി ഇവർ ഉടമകളെ വിവരമറിയിച്ചത്. റിസോർട്ടുടമകൾ മനേജരെ ബന്ധപ്പെട്ടെങ്കിലും ഇത് നിഷേധിച്ചു. ഇതിനിടയിൽ ലീസിനെടുക്കാനെത്തിയവർ ചിത്രങ്ങൾസഹിതം ഉടമകളെ അറിയിച്ചതോടെ കുമളിയിലെത്തി ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകീട്ടോടെ മനേജരെയും രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും പോലീസ് പിടികൂടുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമളി പരിസരപ്രദേശങ്ങളിൽ വിറ്റ് മോഷണമുതലുകളിൽ ചിലത് കണ്ടെത്തി. റിസോർട്ടിൽനിന്ന് രണ്ട് മരവും മുറിച്ചുവിറ്റതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളിൽനിന്ന് മോഷണമുതലാണെന്നറിഞ്ഞിട്ടും വ്യാപകമായി സാധനങ്ങൾ വാങ്ങിയവരെ കണ്ടെത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി.
കുമളി സി.ഐ. ജോബിൻ ആന്റണി, എസ്.ഐ.മാരായ പ്രശാന്ത് പി.നായർ, ഷാജി തോമസ്, സന്തോഷ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.മാനേജർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ