നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് പീച്ചി പൊലീസിൽ പരാതി നൽകിയത്.
പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജിൻസൺ പറഞ്ഞു.
കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൻ. പള്‍സര്‍ സുനി ജയിലില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ജിന്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ജിന്‍സന്‍റെ മൊഴി.
ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിലായിട്ടുണ്ട്. പത്തനാപുരത്ത് വെച്ച് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി.