Thursday, November 21
BREAKING NEWS


ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി

By sanjaynambiar

‘ബുറേവി’ ; കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിന്ന് മുന്‍പേ ദുര്‍ബലമായി മാറി . മാന്നാര്‍ കടലിടുക്കില്‍ വച്ച്‌ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു . മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം .

കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദ്ദമാകാനാണ് സാധ്യത.ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം.


സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ് . ഇന്ന്ശക്തമായതോ അതിശക്തമായതോ ആയ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അടച്ചിടും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനും രാത്രി യാത്രയ്ക്കും നിയന്ത്രണം

ബുറേവി ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ വിനോദ സഞ്ചാരത്തിനും രാത്രി യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി . ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലേക്കുളള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് ടൂറിസം എന്നിവ ഉള്‍പ്പടെ ജില്ലയിലെ എല്ലാ വിനോദ സഞ്ചാരവും ഡിസംബര്‍ 5 വരെ നിരോധിച്ചു .

ജില്ലയിലെ മലയോര മേഖലകളിലുളള ഗതാഗതം ഡിസംബര്‍ 5 വരെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച്‌ തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നു എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്. കരയിലേക്ക് പ്രവേശിക്കുമ്ബോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!