Thursday, November 21
BREAKING NEWS


ഹാഥ്‌റസ് കൂട്ടബലാത്സംഗം: കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി

By sanjaynambiar

കൊല്‍ക്കത്ത: ഹാഥ്‌റസ് കൂട്ടബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധറാലി. ബിര്‍ല പ്ലാനറ്റേറിയത്തില്‍നിന്ന് ഗാന്ധി മൂര്‍ത്തിയിലേയ്ക്കാണ് റാലി. വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച കാല്‍നട റാലി നയിക്കുന്നത് മമത ബാനര്‍ജി ഒറ്റയ്ക്കാണ്.

മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റാലി നടക്കുന്നത്. നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാഥ്‌റസിലേയ്ക്ക് യാത്ര നടത്തുന്നതിനിടെയാണ് കൊല്‍ക്കത്തയിലെ പ്രതിഷേധ റാലി.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ തൃണമൂല്‍ എംപിമാരെ ഹാഥ്‌റസില്‍ യുപി പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് കൊല്‍ക്കത്തിയില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ പതിനാലിനാണ് ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലായിരുന്ന യുവതി 22ന് വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് ബലമായി സംസ്കരിക്കുകയായിരുന്നു. ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് പിന്നീട് ഉത്തര്‍പ്രദേശ് എഡിജിപി പറഞ്ഞിരുന്നു.

ജാതീയതയാണ് സംഭവത്തിനു പിന്നിലെന്നും പ്രതികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യാപക വിമര്‍ശനമുയര്‍ന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പോലീസ് അനുവദിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. യുപി പോലീസ് ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നാരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!