പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയും പരാതി ലഭിച്ചു.
എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിനാണ് കേസെന്നും നിലവില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലേക്ക് കൗണ്ടിങ് ഏജന്റിനെയും സ്ഥാനാര്‍ഥികളെയുമാണ് കടത്തിവിട്ടിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യം പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്ലക്സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. ബുധനാഴ്ച വോട്ടെണ്ണല്‍ ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം.
രണ്ട് ഫ്ളക്സുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. പൊലീസെത്തി ഫ്ളക്സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. പൊലീസ് നിലപാടിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ആദ്യം പരാതി നല്കി. മത സ്പര്‍ധ വളര്‍ത്താനുള്ള ബിജെപി നീക്കത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎമ്മും പരാതി നല്കി.
പിന്നാലെയായിരുന്നു ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്.