Wednesday, February 5
BREAKING NEWS


പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തി ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധം

By sanjaynambiar

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച

പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് മുകളിൽ മതചിഹ്നമായ ജയ് ശ്രീറാം ഫ്‌ളക്‌സ് സംഘ്പരിവാർ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം പുകയവെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തിയാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്.എന്നാൽ സംഭവം ദേശിയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നുകാട്ടി യുവമോർച്ചയും രംഗത്തെത്തി .

നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച്‌ നടത്തിയത്.

നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച.

ഡി.വൈ.എഫ്.ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പരാതി. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു.

അതേസമയം നഗരസഭക്ക് മുകളിൽ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയർത്തിയ ബിജെപിക്കാർക്കെതിരെ കേസെടുത്തതായി പാലക്കാട് പോലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോൺഗ്രസും സിപിഎമ്മുമാണ് പരാതി നൽകിയത്.തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!