AC moidheen സഹകരണ വകുപ്പ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌ഴമെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്.
മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ 50ല്‍പരം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ മൊയ്തീനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയയ്ക്കും. കോലഴി സ്വദേശി സതീഷിനോട് ബുധനാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
അതേസമയം, എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയില്‍ കഴിഞ്ഞദിവസം ആരംഭിച്ച ഇഡി റെയ്ഡ് അവസാനിച്ചു.
ഏകദേശം 22 മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധന ഇന്ന് പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴോടെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലായിരുന്നു പരിശോധന ആരംഭിച്ചത്. മൂന്ന് കാറുകളിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മൊയ്തീന്‍റെ കുന്നംകുളത്തെ ഓഫീസിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജില്‍സ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് സൂചന.
ഇഡി റെയ്ഡ് അജണ്ടയുടെ ഭാഗമാണെന്ന് എ.സി. മൊയ്തീന്‍ ആരോപിച്ചു. ഏത് അന്വേഷണത്തോടും സഹകരിക്കും. ഭയപ്പെട്ട് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.