Rain സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും മഴയ്ക്ക് കാരണം. തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കോട്ടയം ജില്ലയില്‍ അടക്കം ഇന്നലെ ശക്തമായ മഴയാണുണ്ടായത്. കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. പലയിടത്തും മണ്ണിടിഞ്ഞും തോട് കരകവിഞ്ഞും നാശനഷ്ടങ്ങളുണ്ടായി. ഗതാഗതം നിരോധിച്ച ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ ഇന്നു രാവിലെ മുതല്‍ ഭാഗീകമായി ഗതാഗതം തുടങ്ങും.