Drama ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 15 നാടകങ്ങൾ ഒറ്റദിനത്തിൽ അരങ്ങിലെത്തുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന നാടക മത്സരത്തിന് ജില്ലയൊരുങ്ങുന്നു. കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്ന ജീവനക്കാരുടെ സംസ്ഥാന നാടക മത്സരംഅവിസ്മരണീയ അനുഭവമാക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന് ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം പ്രശസ്ത നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും.
തരംഗമായി പ്രചാരണ വീഡിയോ
നാടക മത്സരത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ലഘുവീഡിയോ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. മലയാള നാടക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലങ്കാലക്ഷ്മി, രാവുണ്ണി, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച് മനോഹരമായ ചിത്രീകരിച്ച ലഘു വീഡിയോ നൂറുകണക്കിനാളുകളാണ് കണ്ടത്.
സന്ദേശവുമായി ഭവനസന്ദർശനം
നാടകമത്സരത്തിന്റെ സന്ദേശം വീടുകളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ചെറുവത്തൂർ, പിലിക്കോട്, പടന്ന, കയ്യൂർ–- ചീമേനി പഞ്ചായത്തുകളിലെ 1500 ൽ അധികം വീടുകളിലാണ് ഒറ്റദിവസം നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രചാരണ നോട്ടീസ് എത്തിച്ചത്.
പ്രചാരണത്തിനായി നാടകവണ്ടിയൊരുങ്ങുന്നു.
വ്യത്യസ്തമായ പ്രചരണസാധ്യത എന്ന അർത്ഥത്തിൽ കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പ്രധാന പട്ടണങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നാടകവണ്ടി തയ്യാറാക്കുകയാണ് സംഘാടകസമിതി.നാടക മത്സരത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഗാനങ്ങളും ലഘുസ്കിറ്റും ഉൾപ്പെടുത്തിയിട്ടുള്ള നാടകവണ്ടി 26ന് രാവിലെ കാഞ്ഞങ്ങാട് ടൗണിൽനിന്നും പ്രയാണം ആരംഭിച്ച് വൈകീട്ട് പയ്യന്നൂരിൽ അവസാനിക്കും.
വിളംബര ഘോഷയാത്ര 28ന്
ചെറുവത്തൂർ ടൗൺ കേന്ദ്രീകരിച്ച് സെപ്തംബർ 28ന് വൈകീട്ട് വർണ്ണശബളമായ വിളംബര ഘോഷയാത്രയും സാംസ്കാരിക സായാഹ്നവും സംഘടിപ്പിക്കും.