ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്തനാർബുദവുമാണ്.
2020ൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 12.8 ശതമാനം വർധന 2025ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യവ്യാപകമായി ബോധവൽക്കരണ ക്ലാസുകൾ നൽകിയും രോഗനിർണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അർബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
ജനസംഖ്യാഅനുപാതത്തിലുള്ള കാൻസർ രജിസ്ട്രികൾ ആസൂത്രണത്തിന് സഹായകമാകുന്നു. 2014മുതലാണ് രാജ്യത്ത് ആർബുദപ്രതിരോധദിനം ആചരിക്കാൻ തുടങ്ങിയത്. ആശുപത്രികളും മറ്റ് പൊതുഇടങ്ങളും കേന്ദ്രീകരിച്ച് ഈ ദിനത്തിൽ സൗജന്യരേഗനിർണയക്യാംപുകളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നു.