കോൺഗ്രസ് പാർട്ടിവിട്ട എ കെ ഷാനിബ് മത്സരരംഗത്തേക്കിറങ്ങുന്നു. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ഷാനിബ് ട്വന്റി ഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടിയാലോചിച്ചായിരിക്കും തീരുമാനം ഉണ്ടാകുക. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരുപാട് പ്രവർത്തകർ പിന്തുണയുമായി വരുന്നുണ്ട് ഷാനിബ് വ്യക്തമാക്കി.
പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല,എന്നാൽ ജനങ്ങൾ വിചാരിച്ചാൽ പാർട്ടിക്ക് തിരുത്തേണ്ടിവരും. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടി നേരിടും.സിപിഎമ്മിൽ ചേരാൻ തീരുമാനമെടുത്തില്ലായെന്നും ഷാനിബ് വീണ്ടും ആവർത്തിച്ചു.
തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു.