All India Permit ഓൾ ഇന്ത്യാപെർമിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. രണ്ടുമാസത്തേക്ക് കർശന പരിശോധന നടത്താനും ക്രമക്കേടുള്ള വാഹനങ്ങൾക്കെതിരേ നടപടി എടുക്കാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നൽകുന്ന പെർമിറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല.
വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം. പ്രത്യേകം ടിക്കറ്റ് നൽകി റൂട്ട് ബസുപോലെ ഓടിക്കാൻ അനുമതിയില്ല.
യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത-മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമറ്റുകൾ നൽകുന്നത്. ഈ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നീ രണ്ട് സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും രണ്ട് രീതിയിലാണെന്ന് നിർവചിക്കുന്നുമുണ്ട്.
വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ്, കെ.എസ്.ആർ.ടി.സി. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
ഇവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നടത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും ഇത് തടയുന്നതിനായി സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഈ നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഇതിനുപുറമെ, നിയമലംഘനം നടത്തി ഓടുന്ന ബസുകൾ പിടിച്ചെടുക്കുമ്പോൾ അതിലെ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്തം ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.