Mohammed Siraj ഏഷ്യാകപ്പ് ഫൈനലില്‍ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്.
ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തില്‍ ആതിഥേയരായ ശ്രീലങ്ക 50 റണ്‍സിനാണ് ആള്‍ഔട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം.
മാൻ ഓഫ് ദി മാച്ച് സമ്മാനത്തുകയായി ലഭിച്ച 5000 ഡോളര്‍ (4.15 ലക്ഷം രൂപ) പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ‘അവര്‍ ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അവരുടെ ജോലിയില്ലാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോകില്ലായിരുന്നു’, സിറാജ് സമ്മാനദാന ചടങ്ങില്‍ പറഞ്ഞു.
ഏഷ്യാ കപ്പിലെ പല മത്സരങ്ങള്‍ക്കും മഴ വില്ലനായിരുന്നു. പിച്ച് നനയാതിരിക്കാനും ഔട്ട്ഫീല്‍ഡ് ഉണക്കാനുമെല്ലാം കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ചെയ്ത വിശ്രമമില്ലാത്ത പ്രവൃത്തികള്‍ ഏറെ പ്രശംസ നേടിയിരുന്നു.
നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലും ശ്രീലങ്കൻ ക്രിക്കറ്റ് കൗണ്‍സിലും ചേര്‍ന്ന് 50,000 ഡോളറും (41.54 ലക്ഷം രൂപ) കാൻഡിയിലെയും കൊളംബോയിലെയും ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നല്‍കാൻ തീരുമാനിച്ചിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാക്കിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.