തിരുവനന്തപുരം: കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. പോലീസിന് തെളിവായി നല്‍കിയ രണ്ട് സിഡികള്‍ തനിക്കും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ മുൻപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് ഇന്ന് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാന്‍ നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിസംബര്‍ 30 നാണു ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് സംഭവം. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയാണ്.