തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോണ്‍ഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോള്‍ ലംഘനമാണ് രമേശ് ചെന്നിത്തലയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേയെന്നും കോടിയേരി ചോദിക്കുന്നു.
സ്വര്‍ണക്കടത്ത് കേസ് ഒരു ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ നിന്നും സ്വര്‍ണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മറ്റു പലതിലുമാണ് താത്പര്യം.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസിന്‍്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
Content retrieved from: https://panchayathuvartha.com/politics/kodiyeri-chennithala-udf-ldf.