സംസ്‌ഥാന മന്ത്രിസഭയില്‍ അടുത്തമാസം നടക്കുന്ന പുനഃസംഘടനയില്‍ നേരത്തെയുള്ള ധാരണപ്രകാരമുള്ള മാറ്റങ്ങള്‍ക്കു മാത്രം സാധ്യത.
ഇതുസംബന്ധിച്ച നിര്‍ണായക യോഗങ്ങള്‍ ഈയാഴ്‌ച ചേരും. 22 നു എല്‍.ഡി.എഫ്. യോഗമുണ്ട്. എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്‌ഥാനം ഒഴിയും. പകരം കെ.ബി. ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണ്ടെന്നാണു സി.പി.എമ്മിന്റെ തീരുമാനം.മന്ത്രി വീണാ ജോര്‍ജ് മന്ത്രിസ്‌ഥാനമൊഴിഞ്ഞ് പകരം സ്‌പീക്കറാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ അതിനു സാധ്യതയില്ല. നിലവിലെ മന്ത്രിമാര്‍ തുടരും. ഇതേ ടീമിനെ നിലനിര്‍ത്താനാണു മുഖ്യമന്ത്രിക്കും താല്‍പര്യം. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് മറ്റ് ഇളക്കിപ്രതിഷ്‌ഠ വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടിയുമെത്തിയത്.
ഇത് മന്ത്രി വീണാ ജോര്‍ജിനും തുണയായി. മുന്‍ ധാരണപ്രകാരമുള്ള മാറ്റമല്ലാതെ ഇളക്കിപ്രതിഷ്‌ഠ നടത്തിയാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന സമ്മതിക്കലാവുമെന്ന ആക്ഷേപത്തിനു സാധ്യതയുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടു.
വനംവകുപ്പ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ. ശശീന്ദ്രനു ഗതാഗത വകുപ്പ് കൈമാറുന്നതു പരിഗണിക്കുന്നുണ്ടെങ്കിലും ശശീന്ദ്രന്റെ നിലപാടിനാകും മുന്‍തൂക്കം.
ഗതാഗത വകുപ്പ് ഏറ്റെടുക്കാന്‍ ഗണേഷിനു താല്‍പര്യമില്ലെന്നാണു റിപ്പോര്‍ട്ട്. ഒക്‌ടോബറിലാണ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുന്നത്.