Saturday, January 18
BREAKING NEWS


അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര

By ഭാരതശബ്ദം- 4

തൃശൂർ: അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ  കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. ആളുകൾ വലിയ ആഹ്ളാദത്തോടെ കൂട്ടമായെത്തി ചാളകളെ വാരിക്കൂട്ടുകയാണ്. നിരവധിപ്പേരാണ് ലൈവ് ചാള ചാകര വീട്ടിലെത്തിക്കാൻ ഇവിടേക്ക് എത്തുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താൻ പ്രേരിപ്പിക്കുന്നത്. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശമായി പറയുന്നത്.

കേട്ടറിഞ്ഞ് നിരവധി പേരാണ് ഇവിടെ ചാള വാരിയെടുക്കാനായി എത്തുന്നത്. ഇതിനിടെ ചെറുവിലയ്ക്ക് വാങ്ങിക്കൂട്ടിയ മീനുകളെ വിറ്റഴിക്കാനും നാട്ടുകാർ ശ്രമിക്കുന്നുണ്ട്. ഈ മേഖലയിൽ കടൽ ജലത്തിലെ സാന്ദ്രതയിൽ അപ്രതീക്ഷിതമായി ഉണ്ടായ മാറ്റം മൂലം ചാള മീൻ കൂട്ടമായി കരയിലേക്ക് എത്തിയതെന്നാണ് നിരീക്ഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!