mv jayarajan പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു.
പുതുപ്പള്ളിയിൽ ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നതാൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അവിടെ ജയിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.‘‘മുൻപ് 2016ലും എക്സിറ്റ് പോൾ എൽഡിഎഫിന് എതിരായിരുന്നു. എന്നിട്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. 2021ലെ കാര്യം പറയുകയേ വേണ്ട. അതെല്ലാം പൊളിഞ്ഞല്ലോ. ജനങ്ങളാണ് ജനാധിപത്യത്തിൽ ജനപ്രതിനിധികളെയും സർക്കാരിനെയും തിരഞ്ഞെടുക്കുന്നത്.
അതുകൊണ്ട് ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നാൽ അവിടെ ജെയ്ക് ജയിക്കും’’ – ജയരാജൻ വ്യക്തമാക്കി.‘‘ബിജെപിയുടെ വോട്ട് യുഡിഎഫിനു മറിച്ചു കൊടുക്കാനുള്ള സാധ്യത പുതുപ്പള്ളിയിൽ കൂടുതലാണ്. അത് ഏറ്റവും നന്നായി അറിയാവുന്നവർ യുഡിഎഫ് നേതാക്കളാണ്. ഇതെല്ലാം കണക്കാക്കിയാണ് അവരുടെ അവകാശവാദം. ബിജെപിയുടെ 15,000 വോട്ട് യുഡിഎഫിനു ലഭിക്കില്ലെന്നു പറയാനാകില്ല.
കാരണം, പുതുപ്പള്ളിയും കിടങ്ങൂരും തമ്മിൽ അധികം ദൂരമില്ല. ഈ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണ് ഓഗസ്റ്റ് 14ന് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസിന്റെ പ്രസിഡന്റിനും കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾ ബിജെപിയുടെ വൈസ് പ്രസിഡന്റിനും വോട്ട് ചെയ്ത് ഗാന്ധി ശിഷ്യരും ഗാന്ധി ഘാതകരും കൈകോർത്തത്’’ – ജയരാജൻ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന് 40,000 വോട്ടിന്റെ ഭൂരിപക്ഷം വരെ പ്രവചിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്, അതെല്ലാം ആർക്കും സ്വപ്നം കാണാമെന്ന് ജയരാജൻ പ്രതികരിച്ചു. ‘‘സ്വപ്നം കാണുന്നതിന് ആർക്കും വിഷമമില്ലല്ലോ. മാത്രമല്ല, അദ്ദേഹം ജയിച്ചിട്ടു വേണം ഈ ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയയ്ക്കാൻ. അപ്പോൾ അതു കൂടിയുണ്ട്. അദ്ദേഹം ജയിച്ചു വന്നാൽ അങ്ങനെയൊരു ഗുണം കിട്ടും.
ഒരു വോട്ടർക്ക് അയാളുടെ ബൂത്തിൽ തിരക്കുണ്ടെങ്കിൽ അടുത്ത ബൂത്തിൽപ്പോയി വോട്ടു ചെയ്യാൻ കഴിയും’’ – ജയരാജൻ പറഞ്ഞു.
ചാണ്ടി ഉമ്മൻ പറഞ്ഞത് നല്ല ആശയമല്ലേ എന്ന ചോദ്യത്തിന്, നല്ല ആശയമാണെന്നും പക്ഷേ തിരക്കുള്ള ഹോട്ടലിൽ പോകുന്ന പോലെ നടപ്പാക്കാൻ കഴിയുന്ന ആശയമല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. അതിന് ആദ്യം നിയമം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.