Child driver പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം കാസർഗോഡ് ജില്ലയില്‍ ശിക്ഷിക്കപ്പെട്ടത് 70 രക്ഷിതാക്കള്‍. കുട്ടികള്‍ വണ്ടിയെടുത്തതിന് കോടതിയില്‍ സമാധാനം പറയേണ്ടിവരുന്നത് വാഹനത്തിന്‍റെ ആര്‍.സി ഉടമയായ മാതാവോ പിതാവോ ആണ്. ഇന്ത്യന്‍ ശിക്ഷാനിയമം 336-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 199-A വകുപ്പും പ്രകാരം 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
പ്രായമെത്തും മുമ്പേ വാഹനമോടിക്കാനുള്ള മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തതിന്‍റെ പേരില്‍ 25,000 രൂപ ചെലവില്‍ ഒരു ദിവസം ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇങ്ങനെ ശിക്ഷിക്കപ്പെട്ടത് 48 അച്ഛന്മാരും, 22 അമ്മമാരുമാണ്. സ്വന്തം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടുന്നതുള്‍പ്പെടെ വേറെയും ശിക്ഷകള്‍ ലഭിച്ചവരുണ്ട്. കുട്ടികള്‍ വാഹനമോടിച്ച് അപകടം വരുത്തിയാല്‍ അപകടത്തിന്‍റെ ആഘാതത്തിനൊപ്പം കൂടുതല്‍ നിയമനടപടികളും നേരിടേണ്ടിവരും.
വാഹനത്തിന്‍റെ ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കുകയുമില്ല. അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചാണ് മിക്കപ്പോഴും കുട്ടികള്‍ പരിശോധനാ സംഘത്തിന്‍റെ പിടിയിലാകുന്നത്.
Also Read : https://panchayathuvartha.com/harassment-complaint-of-saudi-woman-reaction-of-mallu-traveller/
ഇതില്‍ കൂടുതലും ആണ്‍കുട്ടികളാണ്. 18 വയസാകുന്നതിന് മുമ്പേ വാഹനമോടിക്കുന്ന കാര്യത്തില്‍ പെണ്‍കുട്ടികളും പിറകിലല്ലെങ്കിലും റോഡില്‍ അധികം സാഹസികതയ്ക്ക് മുതിരാത്തതിനാല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് കുടുങ്ങുന്നത്. ഇരുചക്ര വാഹനങ്ങള്‍ മാത്രമല്ല, കാർ ഓടിക്കുന്നവരും കുറവല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിലാകെ 149 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ മാത്രം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 221 ആണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ശിക്ഷ വിധിച്ച കേസുകളുടെ എണ്ണത്തില്‍ ചന്തേര പോലീസ് സ്റ്റേഷനാണ് ഒന്നാമത് 14 കേസുകള്‍. വിദ്യാനഗര്‍ (12), ഹോസ്ദുര്‍ഗ് (എട്ട്), ബദിയടുക്ക, മഞ്ചേശ്വരം (ഏഴ് വീതം), മേല്‍പറമ്പ് (അഞ്ച്), അമ്പലത്തറ (നാല്), കുമ്പള, നീലേശ്വരം (മൂന്നുവീതം), ചീമേനി (രണ്ട്), ബേഡകം, രാജപുരം, കാസര്‍ഗോഡ് ട്രാഫിക്, കാസര്‍ഗോഡ് ടൗണ്‍, ബേക്കല്‍ ഓരോന്ന് എന്നിങ്ങനെയാണ് മറ്റു പോലീസ് സ്റ്റേഷനുകളിലെ കേസുകളുടെ എണ്ണം. മലയോരമേഖലയില്‍ കുട്ടി ഡ്രൈവര്‍മാര്‍ക്ക് പഞ്ഞമില്ലെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പൊതുവേ കുറവാണ്.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസവും ഇരുചക്ര വാഹനങ്ങളോടിച്ച രണ്ട് കൗമാരക്കാര്‍ പിടിയിലായിരുന്നു. രണ്ട് സംഭവങ്ങളിലും ആര്‍.സി ഉടമകളായ അമ്മമാരുടെ പേരിലാണ് കേസെടുത്തത്.
സ്‌കൂളിൽ യുവജനോത്സവം ഉൾപ്പെടെ ഉള്ള പരിപാടികൾ അടുക്കുന്നത്തോടെ ഷോ ഓഫ് നടത്താനായി എത്തുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം കൂടി വരാൻ സാധ്യത ഉണ്ട്. പലപ്പോഴും ജീവൻ പോലും നഷ്ടപെടുന്ന അവസ്ഥ ഉണ്ടാവാറുമുണ്ട്. രക്ഷിതാക്കൾ ജാഗ്രതൈ.