
തിരുവന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെ പി പിടിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എല്‍ ഡി എഫ് സ്വീകരിച്ചിരുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തും. കേരളം പോലെ വളരെ സെക്കുലര്‍ ആയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബി ജെ പി ജയിച്ചാല്‍ അത് തെറ്റായ ഒരു സന്ദേശമാകും രാജ്യത്തിന് ലഭിക്കുക. ഇതിനാല്‍ ബി ജെ പിയെ തടയാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം എല്ലാ കരുതലുകളും ഇടതുമുന്നണി സ്വീകരിച്ചിരുന്നെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ എ വിജയരഘവന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ബി ജെ പിക്കാണ് കോര്‍പറേഷനില്‍ കൂടുതല്‍ അംഗബലം കിട്ടിയത്. 35 സീറ്റുകള്‍. ഒറ്റ പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പിയായിരുന്നു മെച്ചം. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ പ്രത്യേകം ശ്രദ്ധിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയവും സംഘടനാപ്രവര്‍ത്തനവും നടത്തിയത്. ആ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന കാര്യമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ തികച്ചും മെച്ചപ്പെട്ട ഒരു ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിക്കുമെന്നത്.
കേരള കോണ്‍ഗ്രസ് വന്നതിന്റെ ഗുണം തിരുവനന്തപുരത്തും വരുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ മുമ്പത്തേതിനാക്കാള്‍ കിട്ടും. സാധാരണ സഹായം കിട്ടാത്തവരില്‍ നിന്നും വോട്ട് ലഭിച്ചിട്ടുണ്ടെന്നുമാണ് താഴേക്കിടയില്‍ നിന്ന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.