ഇടുക്കി : നിശാപാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് പൂട്ടാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.
അന്വേഷണത്തിന്റെ ഭാഗമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനുമാണ് റിസോർട്ട് പൂട്ടാൻ ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഞായറാഴ്ച റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. ലോക്കൽ പോലീസിനെ അറിയിക്കാതെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. യുവതിയടക്കം ഒന്പതുപേർ അറസ്റ്റിലായി. 58 പേർ നിശാപാർട്ടിയിൽ പങ്കെടുത്തതായാണ് പോലീസ് നൽകുന്ന വിവരം.
മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവരെ പ്രതിചേർക്കണോ എന്ന് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ