റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി എടുക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ശിവസേന എം.എല്‍.എ പ്രതാപ് സാര്‍ണായികിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സമെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ ഇ.ഡി എം.എല്‍.എയുടെ മകനെ ചോദ്യം ചെയ്യുകയും ചെയ്തു. താനെയിലെ ഒവാല മജിവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്.
സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. നായിക്കിന്‍റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസിൽ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരേയും എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിനെതിരേയും ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് പ്രതാപ് സര്‍നായിക് അര്‍ണബിനെതിരേ നടപടി ആവശ്യപ്പെട്ടത്.
പ്രതിപക്ഷത്തെ നിശബ്ദമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ശിവസേനാ വക്താവ് പ്രിയങ്കാ ചതുര്‍വേദി ആരോപിച്ചു.