കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയും; അടുത്ത ചര്‍ച്ച ശനിയാഴ്ച
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. വ്യാഴാഴ്ച നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച രണ്ടിനു വീണ്ടും ചര്‍ച്ച നടക്കും.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയത്. ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കര്‍ഷകര്‍ നിരസിച്ചു
വ്യാഴാഴ്ച 12.30ന് വിഗ്യാന്‍ ഭവനില്‍ ആരംഭിച്ച ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 35 ഓളം കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 ഓളം കര്‍ഷകരും പങ്കെടുത്തു.
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള വിഷയങ്ങള്‍ എഴുതി അറിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാനില്ലെന്നായിരുന്നു കര്‍ഷക സംഘടനകളുടെ മറുപടി.