തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. തമിഴ്‌നാട്ടില്‍ അഞ്ച് പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാര്‍പ്പിച്ച താണ് ആളപായം കുറച്ചത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന – ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കടലൂര്‍ – പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടത്. പുലര്‍ച്ച രണ്ടരയോടെ തീരത്തെത്തിയ നിവാര്‍ ആറ് മണിക്കൂര്‍ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. പുതുച്ചേരിയില്‍ മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി. വെള്ളം നിറഞ്ഞതോടെ ചെന്നൈ നഗരത്തിന്റെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെമ്പരക്കം തടാകത്തിന്റെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നു.
കനത്ത നാശനഷ്ടങ്ങള്‍ക്കിടയിലും വലിയ ആളപായം സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍. കൃത്യമായ ആസൂത്രണത്തോടെ കേന്ദ്രസേനയുടെ മേല്‍നോട്ടത്തില്‍ ദിവസങ്ങള്‍ക്കു മുമ്പേ ആളുകളെ മാറ്റിപാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 5000 ക്യാമ്പുകളിലായി രണ്ടര ലക്ഷം ആളുകളാണ് നിലവില്‍ കഴിയുന്നത്.
അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ നിവാറിന്റെ വേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 50 കിമി വേഗമുള്ള ചുഴലിക്കാറ്റായി നിവാര്‍ വ്യാഴാഴ്ച ഉച്ചയോടെ മാറിയിട്ടുണ്ട്. ആശങ്ക ഒഴിഞ്ഞ് തുടങ്ങിയതോടെ പൊതുഗതാഗതംപുനരാരംഭിച്ചു തുടങ്ങി. ചെന്നൈ വിമാനത്താവളം പത്ത് മണിയോടെ തുറന്നു. ചെന്നൈ മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു തുടങ്ങി.
ചെന്നൈ വിമാനത്താവളം പത്ത് മണിയോടെ തുറന്നു. ചെന്നൈ മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസും ഉടന്‍ തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.