സാധാരണക്കാരുടെ ജീവിതത്തെ സ്‌പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിജയകരമായി നടപ്പാക്കാനായി എന്നതാണ് എൽഡിഎഫ് സർക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. കേസരി സ്‌മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
35 തരം പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. കോവിഡ് ചികിത്സ 100 ശതമാനവും സൗജന്യമാക്കി. സാധാരണക്കാരൻ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ ഉയർന്ന നിലവാരത്തിലാക്കി. അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കി. സ്‌കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിൽനിന്ന് കാര്യമായ ഫണ്ട് ലഭിക്കാത്തത് വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനത്ത് വൻ വികസനം യാഥാർഥ്യമാക്കാനായത് കിഫ്‌ബി ഫണ്ടുകൊണ്ടാണ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഇടപെടൽ ഏറെ അംഗീകാരങ്ങൾ കൊണ്ടുവന്നു‐മന്ത്രി പറഞ്ഞു.