ഡൽഹി: ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാലിതാ പ്രമുഖ ക്രിക്കറ്റ് ഓണ്‍ലൈന്‍ വെബ്സൈറ്റായ ക്രിക്ക് ബസ് ഇക്കാര്യത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ ടീമുകളെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്.
ഇത് കൂടാതെ മറ്റു 23 കാര്യങ്ങള്‍ കൂടി വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചക്ക് വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. കോവിഡ് മൂലം ഈ സീസണ്‍ യുഎഇയിലാണ് നടന്നതെങ്കിലും പതിനാലാം സീസണ്‍ ഇന്ത്യയിലായിരിക്കുമെന്നുറപ്പായി. പുതിയ ടീമുകള്‍ വരുന്നതോടെ ജനുവരിയില്‍ മെഗാ ലേലം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം പുതിയ ടീമുകള്‍ വരുമെന്നുറപ്പായതോടെ ഏതൊക്കെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അഹമ്മദാബാദ് കേന്ദ്രമായൊരു ടീം വരുമെന്ന് പറയപ്പെടുന്നു. ഇതിനോടകം ടീമുകളുടെ കാര്യത്തിലും ധാരണയായെന്നാണ് പറയപ്പെടുന്നത്. ലകനൗ, കാണ്‍പൂര്‍, പൂനെ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചും ടീമുകള്‍ വന്നേക്കാം.കേരളത്തിൽ നിന്നും ഒരു ടീമും പരിഗണനയിലുള്ളതായും സൂചനയുണ്ട്.