കൊച്ചി: ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഓർമ്മയിലേക്ക് മറയുന്നത്. പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും രാഷ്ട്രീയക്കാരന്റെ കൗശലത്തോടെയും പ്രായോഗിക ബുദ്ധിയോടെയും യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാനേതാവായിരുന്നു കാതോലിക്ക ബാവ. ഇല്ലായ്മകളിൽ നിന്ന് തുടങ്ങി ആത്മീയതയുടെ അത്യുന്നത പദവിയിലെത്തിയാണ് അദ്ദേഹം കാലം ചെയ്തത്.
പ്രതിസന്ധി ഘട്ടത്തിൽ യാക്കോബായ സഭയെ ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്. സഭാതർക്കത്തിന്റെ കാറ്റുംകോളും നിറഞ്ഞ കാലഘട്ടത്തിൽ സഭയെ നയിക്കാൻ ലഭിച്ച അവസരത്തെ ദൈവ നിയോഗമെന്നാണ് എന്നും ബാവ അനുസ്മരിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിച്ചിട്ടില്ലെങ്കിലും അനുഭവ സമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും യാക്കോബായ വിഭാഗത്തെ പതിറ്റാണ്ടുകളോളം നയിക്കാൻ തോമസ് പ്രഥമൻ ബാവയ്ക്ക് കഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്റെ കൗശലവും സഭാ ആചാര്യന്റെ ദീർഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തെരുവിലിറങ്ങി സഭയ്ക്ക് വേണ്ടി സമരം നടത്തിയതിന് 600ലധികം കേസുകൾ വന്നിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.