കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ ശേഷമുള്ള ഒരു പുതുവത്സര ആഘോഷത്തിനായിരുന്നു ഏവരും കാത്തിരുന്നത്. എന്നാല്‍ ഒമിക്രോണിന്റെ പുതിയ വകഭേതത്തിന്റെ വരവ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.
പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കാനാണ് പോലീസ് തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനമാണിത്.
കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വര്‍ധനയുണ്ട്.
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്.
കേരളത്തില്‍ പ്രത്യേകിച്ചും കൊച്ചിയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും പരിശോധനകള്‍ കൂട്ടാനും പോലീസിന് തീരുമാനം എടുക്കേണ്ടി വന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടക്കുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കും. ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ കേരളത്തിലേക്ക് കടക്കുന്ന എല്ലാ വഴികളിലും പരിശോധന ശക്തമാക്കാനും തീരുമാനം ആയിട്ടുണ്ട്.