തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്. ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘പണി’ എന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ആദർശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാൽ കെ എസ് യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം
വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട പ്രാഥമിക മര്യാദകളിലൊന്നാണ്.വിമർശകരെ ഒന്നാകെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കൂടാതെ ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്ജ്, ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘പണി’ എന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ പോര്‍ട്രേയ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യുഎഴുതിയ പ്രിയ സുഹൃത്തും സഹപ്രവർത്തകനും പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർത്ഥിയുമായ ആദർശിനെ കഴിഞ്ഞ ദിവസം രാത്രി ജോജു ഫോണിൽ വിളിച്ച് വിളിച്ച് ഭീഷണി പെടുത്തുന്ന കോൾ റെക്കോഡിംഗ് ഇതിനോടകം നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുട്ടുണ്ട്.
ജോജു ജോജുവിന്റെ സംസ്കാരമാണ് ആ ഫോൺ കോളിൽ ഉടനീളം പ്രതിഫലിപ്പിക്കുന്നത്, അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേർന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളിൽ നിന്ന് വളർന്നു വന്ന നല്ലൊരു അഭിനേതാവ് തുടർച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം. ആദർശിന് നേരെ ചില പ്രത്യേക കോണുകളിൽ നിന്ന് അധിക്ഷേപങ്ങൾ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്കാരവും ‘സ്വഭാവഗുണങ്ങളുമുള്ള” കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്പസ്സിൽ കണ്ട് പരിചയിച്ച ആദർശിന് ഇതിൽ വലിയ അൽഭുതമൊന്നും തോന്നാനിടയില്ല,’ ജോജു ജോർജ്ജ് സ്റ്റൈൽ ഓഫ് പൊളിറ്റിക്സ് “ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറയാതെ വയ്യ.
ആദർശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ജോജുവിൻ്റെ ‘’പണി”പാളിയപ്പോഴുള്ള പ്രതികരണം. അങ്ങനെയെങ്കിൽ ആദർശിനു വേണ്ടി കെ.എസ്.യു സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും അറിയിക്കട്ടെ. വിഷയത്തിൽ ആദർശിന് പരിപൂർണ്ണ പിന്തുണയും കെ എസ് യു അറിയിക്കുന്നു.