ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ ഇതും സിപിഐഎം ഗൂഢാലോചനയാണോ?, കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ മുഖം വികൃതമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചവർക്ക് ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ എന്തു പ്രയാസം എന്നായിരുന്നു മന്ത്രി എം ബി രാജേഷ്, രാഹുലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഐഎം ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ നടത്തിയ പ്രതികരണം. പത്തനംതിട്ടയാണ് വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം.ഈ തിരഞ്ഞെടുപ്പിൽ പാലക്കാടും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്നലെ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ആരോപണവുമായി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തി. പ്രതി മുരളി കോൺഗ്രസ് പ്രവർത്തകനും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.പണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് സ്പിരിറ്റ് ഒഴുകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലെ ഷെഡിൽ നിന്നാണ് ഇന്നലെ 39 കന്നാസുകളിൽ സൂക്ഷിച്ച 1326 സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയത്.എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 35 ലിറ്റർ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.