ചന്ദ്രനിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്. ഇതുവരെ മറ്റൊരു രാജ്യത്തിനും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കാനായിട്ടില്ല. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും നൽകാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ അഭൂതപൂർവമായ നേട്ടത്തിന് ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലായിരിന്നിട്ടും എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി വെർച്വൽ പ്രസംഗത്തിലൂടെയാണ് അഭിനന്ദനവുമായി എത്തിയത്.
ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പഠിപ്പിച്ചത്. എന്നാൽ, ചന്ദ്രൻ അടുത്താണെന്ന് ഇന്ത്യയുടെ ദൗത്യം തെളിയിച്ചു. ഭൂമിയിൽ സ്വപ്നം കണ്ടത് നമ്മൾ ചന്ദ്രനിൽ നടപ്പാക്കി. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയാഘൊഷത്തിൻ്റേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രനിമിഷം ഇന്ത്യയിൽ പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ നിമിഷം വിലപ്പെട്ടതും അത്ഭുതപൂർവവുമാണ്. പുതിയ ഇന്ത്യയുടെ ജയാഘോഷമാണിത്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. പുതിയ ഇന്ത്യയുടെ ഉദയമാണിതെന്ന് മോദി കൂട്ടിച്ചേർത്തു. ദൗത്യം വിജയിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ മേധാവി എസ് സോമനാഥിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.