
കട്ടപ്പന: മദ്യലഹരിയിലുണ്ടായ സാമ്ബത്തികത്തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ വെട്ടേറ്റുമരിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അറസ്‌റ്റില്‍.
വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജിന്റെ ഏലത്തോട്ടത്തില്‍ ഞായറാഴ്‌ച രാത്രി 11ന് ശേഷമായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ വീട്ടില്‍ താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ഷുക് ലാല്‍ മറാന്‍ഡി(43), ജമേഷ് മൊറാന്‍ഡി (32) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹല്‍ സ്വദേശി സഞ്‌ജയ് ബാസ്‌കി(30)യെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബസന്തി എന്ന സ്‌ത്രീയ്‌ക്കും പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പിക്കും വെട്ടേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ടവരും പ്രതിയും വെട്ടേറ്റ സ്‌ത്രീയും ഒരുമിച്ചായിരുന്നു തോട്ടത്തിലെ വീട്ടില്‍ താമസിച്ചിരുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്‌ച പുറത്തുനിന്നു മദ്യം വാങ്ങി വന്ന മൂവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലി മൂവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഷുക്ക് ലാല്‍ മറാന്‍ഡിയും ജമേഷ് മൊറാന്‍ഡിയും കിടന്നുറങ്ങി. തുടര്‍ന്ന് അര്‍ധരാത്രിയോടെ ഏലത്തോട്ടത്തില്‍ കാട് വെട്ടുന്ന കത്തിയുമായി സഞ്‌ജയ് ബാസ്‌കി ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും കഴുത്തിനാണു വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച ബാസന്തിയുടെ തലയ്‌ക്കു വെട്ടേറ്റെങ്കിലും സാരമുള്ളതല്ല. സമീപത്ത് താമസിക്കുന്ന സ്‌ഥലം ഉടമയെ ബാസന്തി വിവരം അറിയിക്കുകയായിരുന്നു. ആളുകളെക്കൂട്ടി സ്‌ഥലമുടമ എത്തിയപ്പോഴേക്കും സഞ്‌ജയ് ബാസ്‌കി ഏലത്തോട്ടത്തിലേക്ക് ഓടി മറഞ്ഞിരുന്നു. കട്ടപ്പന ഡിവൈ.എസ്.പിയുടെയും വണ്ടന്‍മേട് സി.ഐയുടെയും നേതൃത്വത്തില്‍ പ്രതിക്കായി ഏലക്കാട്ടില്‍ തിരച്ചില്‍ നടത്തി.
ഇതിനിടെ ഏലത്തോട്ടത്തില്‍ പതുങ്ങിയിരുന്ന പ്രതി കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി. രാജ്‌മോഹനെയും കത്തികൊണ്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈയ്‌ക്കു നിസാര പരുക്കേറ്റു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി. മരിച്ച രണ്ടു പേരുടെയും കഴുത്തിനും തലയ്‌ക്കുമാണ് വെട്ടേറ്റത്. ഫൊറന്‍സിക് വിദഗ്‌ധര്‍ സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി.