Mvd Kerala വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ വീണ്ടും പിടികൂടി.
ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്കെതിരേ ഉഗ്രൻ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്.
2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും. തുടര്‍ന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക. നമ്ബര്‍പ്ലേറ്റ് മടക്കിയും മറച്ചുവെച്ചുമുള്ള വാഹനങ്ങളുപയോഗിച്ച് പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിയമനടപടി സ്വീകരിക്കാതിരുന്ന വര്‍ക്ക്ഷോപ്പുകാര്‍ക്കെതിരേ പണി തുടങ്ങിയിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്ക്കേണ്ടത്. എന്നാല്‍, ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റമാണെങ്കിലും ഒരുലക്ഷം രൂപവരെ വര്‍ക്ക്ഷോപ്പ് ഉടമയില്‍നിന്ന് ഈടാക്കാൻ സാധിക്കും.