Nipah Virus കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. ഭയപ്പെടുകയല്ല സാഹചര്യം മനസിലാക്കി പ്രതിരോധിക്കാൻ തയ്യാടെക്കുകയാണ് വേണ്ടത്. അതീവ ജാഗ്രതയോടെ വേണം കേരളം ഈ സാഹചര്യത്തെ നേരിടാൻ.
ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വ്യാപനം തടയുക എന്നതാണ്. അതിനായി രോഗത്തെ കുറിച്ചും രോഗം പടരുന്ന സാഹചര്യത്തെ കുറിച്ചും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?
നിപ്പ (Nipah) ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കേണ്ടത് നിർബന്ധമാണ്.
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകുക. നമ്മുടെ കൈകളിലാണ് രോഗാണു പറ്റാൻ സാധ്യത കൂടുതലാണ്. പൊതുവെ മഴക്കാലം രോഗകാലമാകയാൽ ഇടയ്ക്കിടെ കൈ കഴുകാം. ഭക്ഷണം കഴിക്കുംമുൻപ് നിർബന്ധമായും സോപ്പിട്ടു കൈ കഴുകുക. പുറത്തുപോയി വരുമ്പോൾ വസ്ത്രങ്ങൾ കഴുകാനായി മാറ്റുക.
സോപ്പു തേച്ചു കുളിക്കുക. കഴുകാത്ത കൈകൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക.
കഴിവതും പഴങ്ങളും പച്ചക്കറികളും വേവിച്ച് കഴിക്കുക. കഴുകി തൊലികളഞ്ഞുമാത്രം കഴിക്കുക. കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരിയോ അപ്പക്കാരമോ ചേർക്കാം. വീണു കിടക്കുന്നതും ജീവികൾ കടിച്ചതുമായ പഴങ്ങളും കായ്കളും മറ്റും ഒഴിവാക്കുക.