തൃശൂർ: വാടകവീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൂണ്ടൽ തായങ്കാവ് സ്വദേശി ചൂണ്ടപുരക്കൽ വീട്ടിൽ മനോജി(48)നെയാണ് കുന്നംകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി ഒമ്പതിന് പ്രതി വാടകയ്ക്ക് താമസിക്കുന്ന പുതുശ്ശേരി കുറനെല്ലി പറമ്പിലെ വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 2.250 കിലോ കഞ്ചാവും തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം, ചൂണ്ടൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതി താമസിക്കുന്ന വാടകവീട്ടിൽ പരിശോധനാ നടത്തിയത്.
വധശ്രമം, അടിപിടി, പോക്‌സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻആർ രാജു, മോഹൻദാസ്, സിദ്ധാർത്ഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻ പിള്ള, ആനന്ദ്, മനോജ്, ശ്രീരാഗ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.