കൊല്ലം: ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അരും കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു.
ഇർഷാദിൻ്റെ വീട്ടിലെ ഫർണിച്ചറുകൾ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. ആഭിചാര ക്രിയകളോട് താൽപര്യം പുലർത്തിയിരുന്നയാളാണ് പ്രതി. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും സഹദും തമ്മിൽ സൗഹൃദമുണ്ടെന്നും പൊലീസ് കണ്ടെത്തി.
കൊലപാതക ശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസം എടുത്തു പ്രതി ലഹരിയിൽ നിന്നും മുക്തനാകാൻ. തുടർന്ന് വിശദമായി മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്പോർട്സ് കോട്ട വഴിയാണ് ഇർഷാദ് പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് മാറ്റി നിർത്തി. നാല് മാസം മുമ്പ് സസ്പെൻഷൻ പിൻവലിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും തിരികെ ജോലിയിൽ പ്രവേശിച്ചില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം ഇർഷാദിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.