വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും. കണക്ഷൻ നടപടികൾ സുഗമമാക്കാൻ കെ.എസ്. ഇബി തീരുമാനിച്ചു. ഏത് കണക്ഷനും ലഭിക്കാൻ ഇനി മുതൽ രണ്ട് രേഖകൾ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും. ഇത് രണ്ടും ഉണ്ടെങ്കിൽ ഇനി മുതൽ കണക്ഷൻ നൽകാനാണ് തീരുമാനം.
വ്യാവസായിക കണക്ഷൻ ലഭിക്കാൻ പഞ്ചായത്ത് ലൈസൻസോ വ്യാവസായിക ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവർ അലോക്കേഷൻ അപേക്ഷയും നിർബന്ധമല്ല. വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ പാർക്കുകൾ, സ്പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അവിടങ്ങളിൽ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റർ മാത്രം മതി. ഉടമസ്ഥത തെളിയിക്കുന്ന രേഖ വേണ്ട.
കണക്ഷൻ എടുക്കാൻ അപേക്ഷയോടൊപ്പം നൽകുന്ന തിരിച്ചറിയൽ രേഖയിലെയും കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കിൽ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാൻ പല രേഖകൾ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം നൽകിയ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഇലക്ടറൽ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, സർക്കാർ ഏജൻസി നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വെള്ളം, ഗ്യാസ്, ടെലിഫോൺ ബില്ലുകൾ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.