രാമക്കൽമേട്ടിലേക്കു സഞ്ചാരികൾ ഒഴുകിയെത്തുന്നു
ഇടുക്കി : പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുതുടങ്ങി. കോവിഡിന്റെ കടന്നുവരവോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ച ഇവിടെ മാസങ്ങള്‍ക്കുശേഷം ഞായറാഴ്ച ഏറെ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 4000ഓളം സഞ്ചാരികള്‍ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുപ്രകാരം രണ്ടായിരം പേര്‍ എത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഞായറാഴ്ചയായിരുന്നു. രണ്ടാഴ്ചയായി ദിവസവും ആയിരത്തോളം പേര്‍ എത്തുന്നുണ്ട്. പ്രധാന ഗേറ്റുവഴി മാത്രമാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണിത്.
പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരാനാണ് സാധ്യത. മൂന്നാര്‍-തേക്കടി റൂട്ടില്‍ നെടുങ്കണ്ടത്തുനിന്നും 16 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയിലാണ് വിനോദസഞ്ചാര കേന്ദ്രം. ഇവിടെനിന്ന് താഴേക്ക് നോക്കിയാല്‍ കൊടൈക്കനാലിലെ ആത്മഹത്യ മുനമ്പിനെ വെല്ലുന്ന അഗാധ താഴ്വാരം കാണാം. താഴെ ചതുരംഗ കളങ്ങള്‍ പോലെ പരന്നുകിടക്കുന്ന നിലക്കടല പാടങ്ങളും. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തികള്‍ നിരനിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും വശ്യമായ കാഴ്ചയാകുന്നു.
ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍. അവിടങ്ങളിലെ കാര്‍ഷികവിഭവങ്ങളുടെ തരം തിരിവനുസരിച്ചുള്ള നിറഭേദങ്ങള്‍കൂടി ആകുമ്ബോള്‍ വര്‍ണച്ചായങ്ങള്‍ ചേര്‍ത്ത് തുന്നിയ ചിത്രക്കമ്പളംപോലെ സുന്ദരമാണ് വിദൂര ദൃശ്യങ്ങള്‍. ഇതിനിടയില്‍ നിരവധി പട്ടണങ്ങള്‍ -കമ്പം , ഉത്തമപാളയം, കോമ്ബ, തേവാരം, ബോഡിനായ്ക്കന്നൂര്‍ തുടങ്ങിയവയും ചില ഗ്രാമങ്ങളും കാണാം. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശങ്ങള്‍ കൂടുതല്‍ സൗന്ദര്യമുളവാക്കുന്നു. തേനി ജില്ലയിലെ ഈ പട്ടണങ്ങള്‍ സന്ധ്യക്ക് തെളിയുന്ന വൈദ്യുതിപ്രഭയില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഒന്നിച്ചുതെളിയുന്ന ആകാശം പോലെ കൗതുകക്കാഴ്ചയാണ്.
ഓഫ് റോഡ് ട്രക്കിങ്ങും ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഏർപെടുത്തിയിട്ടുണ്ട്.മുന്തിരി തോട്ടത്തിനു നടുവിലൂടെയുള്ള യാത്രയും രാമക്കൽമേടിന്റെ സവിശേഷതയാണ്