ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല. സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ മഹത്വവൽക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ നേതാക്കൾ എല്ലാം പോയിരുന്നു. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. ഇതുപോലെ ഇനിയും പലതും പുറത്തുവരും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിട്ടില്ലെന്നും എംബി രാജേഷ് സിപിഐഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു.