സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം സ്ഥാനാര്‍ഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ രണ്ട് വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
കൊല്ലം പന്മന പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പന്മയിലെ തന്നെ പതിമൂന്നാം വാര്‍ഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ബിജെപി സ്ഥാനാര്‍ഥി വിശ്വനാഥന്‍റെ (62) മരണത്തെ തുടര്‍ന്നാണ് പന്‍മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതോടെയാണ് പതിമൂന്നാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ചവറ കെഎംഎംഎല്ലില്‍ ഡിസിഡബ്ല്യു തൊഴിലാളിയായിരുന്ന രാജു രാസ്‌ക (55)യാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിയത്.
സി.പി.എം സ്ഥാനാര്‍ഥിയായ ഈരേഴ തെക്ക് ചെമ്ബോലില്‍ മഹാദേവന്‍പിള്ള (64) യാണ് മരിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകള്‍ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തട്ടാരമ്ബലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനും സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.