മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം. പായിപ്ര പഞ്ചായത്തിലെ 2,3 വാര്‍ഡുകളിലായി 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് പോയാലി മല. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്.
പ്രഭാതത്തില്‍ മഞ്ഞ് മൂടിയ മലയും വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സഹസികത ഇഷ്ടപ്പെടുന്ന നൂറ് കണക്കിന് ആളുകളാണ് വരുന്നത്. മലയുടെ മുകളില്‍ എത്തിയാല്‍ എല്ലാ ദിക്കുകളിലും പ്രകൃതിയുടെ മനോഹാരിത കാണുവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
നല്ലൊരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയാല്‍ മൂന്നാറിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മലയെ മാറ്റിയെടുക്കുവാന്‍ സാധിക്കുമെന്ന് വിഷയം ഉന്നയിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ തനിമയാര്‍ന്ന ഒരു ടൂറിസം പദ്ധതി ഇവിടെ വിഭാവനം ചെയ്യുന്നതിന് സാധിക്കും. പോയാലി മലയിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ റോഡിന്റെ നിര്‍മാണം, റോപ് വേ സ്ഥാപിക്കല്‍, മലമുകളിലെ വ്യൂ പോയിന്റുകളില്‍ കാഴ്ചകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍, വിശ്രമ കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, കഫെറ്റിരിയ എന്നി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്നാണ് ആവശ്യം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുവാന്‍ ടൂറിസം വകുപ്പിന് സമിതി നിര്‍ദ്ദേശം നല്‍കി.
പായിപ്ര പഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികളില്‍ സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനമായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്. ഇതിന് നേതൃത്വം നല്‍കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും അനുമതി ലഭ്യമാക്കിയാണ് പ്ലൈവുഡ് കമ്പനികള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഫാക്ട്ടറി തുടങ്ങിയതിനു ശേഷം ഇവര്‍ നിയമപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം താലൂക്ക് വികസന സമിതിയില്‍ നേരത്തെ സാബു ജോണ്‍ ഉയര്‍ത്തിയിരുന്നു.
നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.