മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പതിനാലാം വാർഡിൽ ഇത്തവണ വേറിട്ട പോരാട്ടമാണ്.
യുഡിഎഫിന് ഇവിടെ രണ്ടു സ്ഥാനാർത്ഥികൾ. സൗഹൃദ മത്സരമെന്ന് വിശേഷിപ്പിക്കുന്ന വാർഡിൽ യുവനേതാവ് ജോയ്‌സ് മേരി ആന്റണിയെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ വത്സ പൗലോസാണ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി.
തിരഞ്ഞെടുപ്പിന് മുൻപ് വരെ വത്സ പൗലോസ് സിപിഎം പ്രവർത്തകയായിരുന്നു.
തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടി വിട്ട് വൽസ പൗലോസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
യുഡിഎഫ് സീറ്റ് ധാരണ അനുസരിച്ച് പതിനാലാം വാർഡ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന് അവിടെ നിർത്താൻ ആളെ കിട്ടിയില്ല. അങ്ങനെയാണ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ വൽസ പൗലോസിനെ ചെണ്ട ചിഹ്നത്തിൽ കേരള കോൺഗ്രസ് രംഗത്തിറക്കി. ഇതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
തർക്കം രൂക്ഷമായതോടെ പൊതുപ്രവർത്തകയായ ജോയ്‌സ് മേരി ആന്റണിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കളത്തിലിറക്കുകയായിരുന്നു. ജോയ്സ് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ഉണർന്നു.
ഇതോടെ വൽസ പൗലോസ് ചിത്രത്തിലെ ഇല്ലാതായി. വൽസ ജയിച്ചാൽ പഴയ താവളമായ സിപിഎമ്മിലേയ്ക്ക് പോകുമോയെന്നാണ് യുഡിഎഫ് നേതാക്കളുടെ ആശങ്ക.
ഇടതുമുന്നണിയുടെ മനുഷ്യ ചങ്ങലയിൽ ഉൾപ്പെടെ പങ്കെടുത്ത ഇവർക്കെതിരെ കത്തോലിക്ക സഭയും മുസ്ലീം ലീഗും യുഡിഎഫ് അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്. പ്രീത അജിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.