Veena Vijayan ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആൻ്റ് മാനേജ്മെൻ്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സാൻ്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം.
ന്യൂനപക്ഷ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അതും ഈ പണമിടപാടും തമ്മിൽ ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഈ ആറ് കമ്പനികളെ പറ്റി യുഡിഎഫുകാർ മിണ്ടാത്തത്? എല്ലാവരും ഒരുമിച്ചാണ് അഴിമതിയുടെ പങ്കുപറ്റുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന എകെ ബാലൻ ആയിരക്കണക്കിന് കോടി രൂപയുടെ തിരിമറിക്ക് നേതൃത്വം നൽകിയ ആളാണ്. തിരുവനന്തപുരം കോർപ്പറേഷനിലും അട്ടപാടി ഉൾപ്പെടെയുള്ള മേഖലകളികളും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങൾ തട്ടിയെടുക്കപ്പെട്ടു. കേരളം മുഴുവൻ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇതിന് കൂട്ടുനിൽക്കുകയാണ് വിഡി സതീശനും യുഡിഎഫും ചെയ്യുന്നത്.
രണ്ട് മുന്നണിക്കാരും നടത്തിയ അഴിമതികൾ ബിജെപി പുറത്തുകൊണ്ടുവരും. ലൈഫ്മിഷനും കരുവന്നൂരുമൊക്കെ പുറത്തുവന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരിലെ മണ്ഡലങ്ങളിൽ വികസനമുണ്ടെന്ന് എംവി ഗോവിന്ദൻ വെറുതെ പറയുകയാണ്. അവിടെ വികസനം സിപിഎമ്മുകാരുടെ പോക്കറ്റിൽ മാത്രമാണ്. രണ്ട് മുന്നണികളും വികസനം എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഉമ്മൻചാണ്ടി വിചാരിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ വികസനം പുതുപ്പള്ളിയിൽ എത്തിക്കാമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല.
കരുവന്നൂർ കേസിൽ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്യുകയാണ്. ബിജെപി ഇത് ആദ്യമേ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളിൽ ഇരുകൂട്ടരും ഒരുമിച്ച് അഴിമതി നടത്തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.