Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക് ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ.
പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ.
ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ വെങ്കല മെഡൽ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 13 സ്വർണമടക്കം ഇന്ത്യ ആകെ 55 മെഡലുകൾ ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. 21 വെള്ളിയും 21 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ഗെയിംസിൽ നേടി.