ന്യൂഡൽഹി∙ 2022ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി ബിജെപി, പ്രവർത്തകർക്കായി ബൂത്ത് തലത്തിൽ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബ്ലോക്കുകളിൽ പരിശീലനം നടത്താൻ സംഘടനയിലെ 200 മുതിർന്ന നേതാക്കൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും പരിശീലന മേധാവിയുമായ ഹർഷ് മൽഹോത്ര പറഞ്ഞു.
280 ബ്ലോക്ക് യൂണിറ്റുകളിലായി 2,800 പ്രവർത്തകർക്ക് ഈ നേതാക്കൾ പരിശീലനം നൽകും. ദസറ ദിനത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. 10 സെഷനുകളായി വിഭജിച്ചിരിക്കുന്ന യോഗങ്ങൾ രണ്ടു ദിവസമായി നടക്കും.
ഓരോ സെഷനിലും എംപിമാരും എംഎൽഎമാരും ഡൽഹി ബിജെപിയിലെ മുതിർന്ന നേതാക്കളും, പ്രാദേശിക വിഷയങ്ങൾ, പാർട്ടിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളുടെ ഉപയോഗം, 2014ന് ശേഷം രാജ്യതലസ്ഥാനത്തെ മാറ്റങ്ങൾ, ഇന്നത്തെ ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ആത്മനിർഭർ ഭാരത് തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും.
2022ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുൾപ്പെടെ പ്രവർത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുകയെന്ന് ഡല്‍ഹി ബിജെപിയുടെ ഭാരവാഹി പറഞ്ഞു. മുതിർന്ന ഡല്‍ഹി ബിജെപി നേതാക്കൾ, പ്രസിഡന്റ് ആദേഷ് ഗുപ്ത, ജനറൽ സെക്രട്ടറി (സംഘടന) സിദ്ധാർഥൻ എന്നിവരുൾപ്പെടെ പരിശീലന പരിപാടിയുടെ വിവിധ സെഷനുകളിൽ പ്രസംഗിക്കും. പ്രാദേശിക പ്രശ്നങ്ങൾ സംബന്ധിച്ചു മുതിർന്ന നേതാക്കളും ബൂത്ത് ലെവൽ പ്രവർത്തകരും തമ്മിലുള്ള ആശയവിനിമയമായിരിക്കും പരിശീലന സെഷനുകളുടെ പ്രധാന ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ മുതിർന്ന പ്രവർത്തകരെ കൂടാതെ ഓരോ യോഗത്തിലും 40-50 ബ്ലോക്ക്തല ഭാരവാഹികളും പങ്കെടുക്കും. കോവിഡ് കണക്കിലെടുത്ത് സാമൂഹിക അകലവും മറ്റു സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഓരോ പരിശീലന പരിപാടികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ വിഡിയോ സന്ദേശങ്ങൾ കാണിക്കുമെന്നും അറിയിച്ചു. 2017 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു.
Content retrieved from: https://www.manoramaonline.com/news/latest-news/2020/10/25/bjp-launches-training-programme-to-prepare-booth-level-workers-for-2022-civic-body-polls-in-delhi.html.