വയനാട്ടിലും പാലക്കാട്ടും തദ്ദേശതെരഞ്ഞടുപ്പില്‍ തലവേദന സൃഷ്ടിക്കുന്ന വിമതര്‍ക്കെതിരെ കെപിസിസി നടപടിയെടുത്തു.
പാലക്കാട്ട് കെപിസിസി അംഗത്തെയും ഡിസിസി ജനറല്‍ സെകട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി.
പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുള്‍പ്പെട 13 പേരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. വയനാട്ടില്‍ വിമത പ്രവര്‍ത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്.
കെ മുരളീധരനു പിന്നാലെ കെ സുധാകരനും കെപിസിസി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിമതര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ഡിസിസികളും കെപിസിസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമാക്കുന്നതായിരുന്നു നേതാക്കളുടെ വാക്കുകള്‍. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്.
വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. മൂന്ന് കെപിസിസി സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും ഡിസിസി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും കെ സുധാകരന്‍ തുറന്നടിച്ചിരുന്നു.
വിമതരോട് രണ്ട് തരത്തിലുള്ള സമീപനമാണ് കെപിസിസി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ചിലരെ ഒപ്പം നിര്‍ത്തുകയും മറ്റ് ചിലര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഡിസിസി അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥികളെ തള്ളുകയും ഡിസിസി അംഗീകരിക്കാത്ത വിമതരെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കെപിസിസി സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.